04:26pm 17 September 2026
NEWS
അവിഹിതബന്ധം ആരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
17/09/2026  06:47 AM IST
nila
അവിഹിതബന്ധം ആരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ലക്നൗ: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ഒടുവിൽ ഉറക്കത്തിനിടെ അതിക്രൂര കൊലപാതകം. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. 28കാരിയായ നഗ്മയെ ഭർത്താവ് പർവേസ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

ഹർദോയിലെ ഇസ്‌ലാംനഗർ തിലിയ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പർവേസും നഗ്മയും 12 വർഷമായി വിവാഹിതരായിരുന്നു. കുടുംബവീട് വിറ്റതിന് ശേഷം ഇരുവരും ഇവിടെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

നഗ്മയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയം പർവേസിനുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഫോണിൽ ഇയാളുമായി നഗ്മ സംസാരിക്കാറുണ്ടെന്നായിരുന്നു പർവേസിന്റെ ആരോപണം. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി.

സംഭവദിവസം രാത്രി നഗ്മ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പർവേസ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നഗ്മ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റതായും ശരീരത്തിൽനിന്ന് തല വേർപെട്ട നിലയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

കൊലപാതകത്തിന് ശേഷം വീട്ടിൽനിന്ന് നേരെ പൊലീസ് സ്റ്റേഷനിലെത്തിയ പർവേസ് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

അതേസമയം, കൊലപാതകത്തിന് പിന്നിൽ ദിവസങ്ങളായി തുടരുന്ന ഗാർഹിക പീഡനവും ഭീഷണിയും ഉണ്ടായിരുന്നുവെന്നാണ് നഗ്മയുടെ കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ഒരാഴ്ചയായി പർവേസ് മകളെ ക്രൂരമായി മർദിച്ചിരുന്നതായി സഹോദരി സബ്ബോ ആരോപിച്ചു. കഴുത്തറുക്കുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഒടുവിൽ ഭീഷണി യാഥാർഥ്യമായെന്നും സബ്ബോ പറഞ്ഞു.

പർവേസിന്റെ അമ്മയ്ക്കും സഹോദരിമാർക്കും സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണവും സബ്ബോ ഉന്നയിച്ചിട്ടുണ്ട്. ഒരു സഹോദരിയും ഭർത്താവും തൊട്ടടുത്ത മുറിയിലാണ് ഉറങ്ങിയിരുന്നതെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും അവർ പറഞ്ഞു.

നഗ്മയെ ഭർത്താവിന് പുറമെ അമ്മായിയമ്മയും മൂന്ന് നാത്തൂന്മാരും ചേർന്ന് പീഡിപ്പിച്ചിരുന്നതായാണ് അമ്മ സാഹിദയുടെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ മകളെ കൊല്ലുമെന്നും കഴുത്തറുക്കുമെന്നും പർവേസ് ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു.

ബന്ധുക്കളുടെ ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img